തൊടുപുഴ: വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയമെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡൻ്റ് അഡ്വ. സി.കെ വിദ്യാസാഗർ. വളരെ നേരത്തെ ഉണ്ടാകേണ്ട തീരുമാനമായിരുന്നു ഇത്.
കേസ് ഇത്രയും നീണ്ട് പോയത് വെള്ളാപ്പള്ളി നടേശനും അദ്ദേഹം നിയോഗിച്ച അഭിഭാഷകരുടെയും തന്ത്രങ്ങൾ മൂലമാണ്. വെള്ളാപ്പള്ളി നടേശൻ്റെയും അദ്ദേഹത്തിൻ്റെ സാമന്തൻമാരുടെയും നീരാളി പിടിത്തത്തിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ മോചിപ്പിക്കാനുള്ള ഒരു അവസരമായാണ് ഇതിനെ കാണുന്നത്. യോഗത്തെയും യോഗത്തിൻ്റെ സ്വത്തുക്കളെയും കുടുംബ സ്വത്താക്കി മാറ്റുന്ന നാളുകളിലാണ് ഈ വിധി വന്നിരിക്കുന്നത്. യോഗത്തിൻ്റെ ഭരണം സ്ഥംഭനത്തിലേക്ക് പോകാതിരിക്കാൻ ആവശ്യമുള്ള ഡയറക്ടേഴ്സിനെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ആ അധികാരം വിനിയോഗിക്കാൻ സർക്കാർ തയാറാകണം.
ഗുരുധർമത്തെ കുഴിച്ച് മൂടി വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി ഗുരുധർമത്തെ വക്രീകരിക്കുവാൻ വെള്ളാപ്പള്ളി നടേശൻ നടത്തിയ കുത്സിത പ്രവർത്തനങ്ങൾക്ക് ഗുരുദേവൻ കൊടുത്ത ശിക്ഷ ആണിത്. ശബരിമലയിലെ സ്വർണം കൊണ്ട് പോയവർ പോയ വഴിക്ക് തന്നെ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ഭാരവാഹികളും പോകേണ്ടി വരുമെന്നും അഡ്വ. സി.കെ വിദ്യാസാഗർ പറഞ്ഞു.




