തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സര ജേതാക്കളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം. സംസ്ഥാന പൊലീസിലെ അസാധാരണ നിയമനമാണിത്. കായിക ക്ഷമതാ പരീക്ഷ പാസാവണമെന്ന നിബന്ധന മറികടന്നാണ് നിയമനം. കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവർക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. പിന്നാലെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കിയത്. കെഇപിഎയിൽ ഒരുവർഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവർക്കും എസ്ഐ ആയി നിയമനം നൽകാനാണ് ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയുടെ ശുപാർശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിലാണ് നിയമനമെന്നും ബോഡി ബിൽഡർമാർക്ക് ഓട്ടമത്സരം നിർബന്ധമല്ലെന്നും എഡിജിപി എസ്. ശ്രീജിത്ത് വിശദീകരിക്കുന്നു. മുൻകാലത്ത് കായിക നിയമനത്തിൽ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി പറയുന്നുണ്ട്.





